ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

മാര്‍ച്ച്‌ 8 വനിതാ ദിനാചരണം എല്ലാ മേഖലകളിലും സമത സര്‍ഗോത്സവങ്ങള്‍

മാര്‍ച്ച്‌ 8 വനിതാ ദിനാചരണം . എല്ലാ മേഖലകളിലും സമത സര്‍ഗോത്സവങ്ങള്‍ സംഘടിപ്പിക്കും.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

സംസ്ഥാന സമ്മേളനം ഫെബ്രുവരി 25, 26, 27 തീയതികളില്‍ പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഐ ആര്‍ ടി സി യില്‍ നടക്കും . പരിഷതിനെക്കുറിച്ച്   കൂടുതല്‍ അറിയാന്‍ www.kssp.in

പെണ്‍പിറവി നാടക യാത്ര ഫെബ്രുവരി ഒന്നിന് സമാപിക്കും

പെണ്‍പിറവി നാടക യാത്ര ഫെബ്രുവരി ഒന്നിന് കണ്ണൂരില്‍ സമാപിക്കും. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ടൌണ്‍ സ്കൊയരിലാണ് നാടകം അവതരിപ്പിക്കുക. സംസ്ഥാനത്താകെ ജനുവരി 7 മുതല്‍ 200 കേന്ദ്രങ്ങളിലായി അവതരിപ്പിച്ചുവരുന്ന നാടകത്തിന്റെ സംവിധാനം സാംകുട്ടി പട്ടംകരിയാണ്.
ഉടയാടകളും ചമയങ്ങളും ചാർത്തപ്പെട്ട് എന്നാൽ ഉടലിന്റെ തടവറയിൽ എന്നന്നേക്കും തളയ്ക്കപ്പെട്ട് സ്ത്രീ നമ്മുടെ മുന്നിൽ നിൽക്കുന്നു. നമ്മുടെ അമ്മയായും ഭാര്യയായും സഹോദരിയായും മകളായും സുഹൃത്തായും അവൾ നമുക്കൊപ്പം ജീവിക്കുന്നു. തുണ്ടം തുണ്ടമാക്കപ്പെട്ട അവയവങ്ങൾ മാത്രമായി, നമ്മുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റാനുള്ള ഉപകരണമായി അവൾ അവളുടെ വ്യഥകൾ കുടിച്ചു തീർത്തു ജീവിക്കുന്നു. സമൂഹം അളന്നു തിരിച്ചിട്ട കളങ്ങളിൽ നിന്നുകോണ്ട് സമൂഹം നിശ്ചയിച്ച വേഷങ്ങൾ മാത്രം ആടാൻ കല്പിക്കപ്പെട്ട സ്ത്രീ വർഗം പെൺപിറവിയിലൂടെ മനുഷ്യസമൂഹത്തിനു നേരെ ആയിരം ചോദ്യങ്ങൾ നിരത്തുകയാണ്. ഈ സമൂഹത്തിൽ സ്ത്രീയായി ജീവിക്കുക എന്ന ഭയാനകമായ അവസ്ഥയെ അവൾ ഇവിടെ തുറന്നുകാട്ടുകയാണ് ഈ നാടകത്തിലൂടെ. ക്യാപ്ടൻ ലക്ഷ്മിയും ഈറോം ശർമിളയും മാധവിക്കുട്ടിയും ഗൌരിയമ്മയും മയിലമ്മയും ഒക്കെ ജീവിച്ചു കാണിച്ച ഈ മണ്ണിൽ സ്ത്രീവർഗം ഇന്നും പരമ്പരാഗത മൂല്യ സങ്കല്പങ്ങളുടെയും വിശ്വാസങ്ങളുടെയും തടവറയ്ക്കുള്ളിൽ തന്നെയാണെന്നു ഓർമപ്പെടുത്തുന്നു.
ഈ നാടകത്തിലെ കാഴ്ചകൾ കാലത്തിന്റെ നിഴൽ‌പ്പാടുകളാണ്. ഈ കാഴ്ചകൾ കാണുന്ന പുരുഷൻ മാപ്പിരക്കുന്നത് തങ്ങളുടെ ദൌർബല്യങ്ങളുടെ പേരിലാണ് എന്നാൽ സ്ത്രീയോ അവളുടെ ശക്തിയെക്കുറിച്ചോർത്തും. നിഷയെന്ന അവാർഡ് ജേതാവു കൂടിയ പത്രപ്രവർത്തക നേരിൽക്കാണുന്ന സ്ത്രീയുടെ വിവിധ മുഖങ്ങളും അത് അവളുടെ ജീവിതത്തിൽ സ്വാധീനിക്കുന്ന കഥാതന്തുവിലൂടെ നാടകം പുരോഗമിക്കുന്നു. മുഴുക്കുടിയനായ പിതാവിന്റെ പുത്രിക്കു നേരെയുള്ള സമൂഹത്തിന്റെ പരിഹാസ്യവും, ഒറ്റയ്ക്കു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടി നേരിടേണ്ടി വരുന്ന ദുരിതവും പീഡിപ്പിക്കപ്പെട്ട കുട്ടിക്കു നേരെ പോലീസും മാധ്യമങ്ങളും കാണിക്കുന്ന ക്രൂരതകളും, കമ്പനി ജോലിക്കിടെ അനുഭവിക്കേണ്ടി വരുന്ന പീഡനവുമൊക്കെ അടുത്തു കാണുന്ന നിഷയിലൂടെ കാലിക ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് നാടകം വരച്ചു കാട്ടുന്നത്. ഇതിനൊക്കെയുപരി തന്റെ വീട്ടിൽ അവൾക്ക് ലഭിക്കാതെ പോകുന്ന സ്നേഹവും തണലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ദു:ഖമായി പുറത്തു വരുന്നു. ഈ ഭൂമിയിൽ പിറക്കാൻ ഭയപ്പെടുന്ന പെൺകുഞ്ഞായി അവൾ സമൂഹമനസാക്ഷിക്കു നേരെ ദീനരോദനമുയർത്തുന്നു.
പുരുഷന്റെ ദൌർബല്യങ്ങളെ ഒന്നൊന്നായി പെൺപിറവി പിച്ചിചീന്തുന്നു. പെൺശരീരത്തെ നോട്ടം കൊണ്ടും മൊബൈൽ തോക്കുകൊണ്ടും ആക്രമിക്കുന്ന പുതു സമൂഹവും ആണായതുകൊണ്ടു അടുക്കളപ്പണി അമ്മ പഠിപ്പിച്ചില്ലയെന്ന അവന്റെ അഹങ്കാരവും, സ്ത്രീശാക്തീകരണത്തിനു നേരെയുള്ള പുച്ഛവുമൊക്കെ പല സന്ദർഭങ്ങളിലൂടെ നാടകം പുരുഷമനസാക്ഷിയെ കളിയാക്കി ഉയർത്തുന്നുണ്ട്.
തമസിൻ തുരുമ്പിച്ച കൂടാരമൊന്നിൽ
തളച്ചിട്ട ദു:ഖങ്ങൾ ഞങ്ങൾ
കവാടം തകർത്തെത്തുമൊരുസുപ്രഭാതത്തെ
കാത്തസ്തമിക്കുവോർ ഞങ്ങൾ
സ്നേഹവും നന്മയും നിറഞ്ഞ ഒരു ലോകം സാധ്യമാണെന്നും, ഈ കുഞ്ഞിനു അതു കാണിച്ചുകൊടുക്കുവാൻ സമൂഹത്തോടു ആ‍ഹ്വാനം ചെയ്തുകൊണ്ട് നാടകം അവസാനിക്കുന്നു. സ്ത്രീകളുടെ വളരുന്ന ആത്മാവബോധങ്ങൾക്കും തിരിച്ചറിവുകൾക്കും പുത്തൻ സ്വാതന്ത്ര്യബോധത്തിനും അനുസരിച്ച് സ്വയം തിരുത്താൻ കൂട്ടാക്കാതെ നിൽക്കുന്ന കേരളീയ പുരുഷാവബോധങ്ങൾ നേരീടാൻ പോകുന്നത് വളരെ കടുത്ത വെല്ലുവിളികളാണെന്നു നാടകം ഓർമപ്പെടുത്തുന്നു.
പകുതിയാകാശവും പകുതിമണ്ണും
പകുതി നഗരം, പകുതി നാടുമെന്റേത്.
പകുതിചരിത്രവും പകുതി വിജയങ്ങളും
പകുതി രാവും പകുതി പകലുമെന്റേത്
പകുതി നദികൾ, പകുതി മലകളെന്റേത്..
കാടുപകുതി,ക്കടലു പകുതിയെന്റേത്..
കരയില്ല, ശിലയായ്ത്തപം ചെയ്യുകില്ലിനി
തളിരിലും പൂവിലുമുയർത്തെണീക്കും…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിലൂടനീളം അവതരിപ്പിച്ചു വരുന്ന പെൺപിറവി നാടകം ഒരു വലിയ സംവാദത്തിനു തന്നെ വഴി തുറക്കുകയാണ്.  വേദിയും സദസും അരങ്ങായി മാറുന്ന പുത്തൻ നാടക അവതരണവും സാങ്കേതികത്വവും സംഭാഷണങ്ങളും പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്നു. നാടകാവതരണ ശേഷം പ്രേക്ഷകരിൽ നിന്നുയരുന്ന സംവാദങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചയുമൊക്കെ നാടകനവോത്ഥാനത്തിന്റെ വെളിപാടാകുന്നു. പ്രശസ്ത നാടകപ്രവർത്തകയായ ശ്രീജ ആറങ്ങോട്ടുകരയുടെ  ‘ചരിത്രവഴികളിലെ സ്ത്രീകൾ’ എന്ന രചനയെ അധികരിച്ചും ഒപ്പം എൻ വേണുഗോപാലന്റെ ‘പിറവികൊണ്ടേ മുറിവേറ്റവർ’ എന്ന നാടകത്തിൽ നിന്നും തയ്യാറാക്കിയതാണ് ഈ നാടകം. സജിത മഠത്തിൽ, ബി എസ് ശ്രീകണ്ഠൻ, എം എം സചീന്ദ്രൻ എന്നിവര് കൂടിച്ചേർന്നാണ് പെൺപിറവി നാടകം രചിച്ചത്. സാംകുട്ടി പട്ടംകരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഫഷണൽ നാടകകലാകാരന്മാരും വിദ്യാർത്ഥിനികളും അടങ്ങിയ അഭിനയനിരയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.